വടക്കഞ്ചേരി: വണ്ടാഴി പഞ്ചായത്തിൽ മുടപ്പല്ലൂർ ജംഗ്ഷൻ ഉൾപ്പെടെ പല ഭാഗത്തും തെരുവുവിളക്കുകൾ തെളിയുന്നില്ലെന്നു പരാതി.
തെരുവുവിളക്കുകൾ കണ്ണടച്ചതോടെ കരിപ്പാലി പുഴയും പരിസരവും മാലിന്യ നിക്ഷേപകേന്ദ്രമായി മാറി. കാലവർഷം ശക്തിപ്പെടാത്തതിനാൽ പുഴയിലും പരിസരത്തും തള്ളുന്ന മാലിന്യചാക്കുകളും മറ്റും ഒഴുകി പോകാതെ പുഴയിൽ അടിഞ്ഞുകൂടുന്ന സ്ഥിതിയാണിപ്പോൾ. കരിപ്പാലിപുഴ മംഗലംപുഴയിൽ ചേർന്നൊഴുകുന്ന പലയിടത്തും കുടിവെളള പദ്ധതികളുമുണ്ട്.
എന്നാൽ പുഴ മലിനമാകുന്നതു തടയാൻ പഞ്ചായത്തും ബന്ധപ്പെട്ട അധികൃതരും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം. തെരഞ്ഞെടുപ്പിനുമുമ്പ് കരിപ്പാലി പുഴപ്പാലം ഭാഗത്ത് എല്ലാ തെരുവുവിളക്കുകളും പ്രകാശിതമായിരുന്നെങ്കിലും പിന്നെയെല്ലാം കണ്ണടച്ചു. പഞ്ചായത്തിലെ അഞ്ചാം വാർഡിൽപ്പെട്ട മണലോടി, ഭഗവതിനഗർ, പ്രദേശത്ത് തെരുവ് വിളക്കുകൾ തെളിയാതായിട്ടു മാസമായെന്നും പരാതിയുണ്ട്. തെരുവുവിളക്കുകൾ തെളിയിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നു കോൺഗ്രസ് പന്തപ്പറമ്പ് കമ്മിറ്റി ആവശ്യപ്പെട്ടു.
വാർഡ് പ്രസിഡന്റ് കെ. രതീഷ്, മോനിഷ, സജീവ്, എം.പി. അരുൺ, എൻ. അഖിൽ, എം.പി. സിബി, എം. സജീവ്, എസ്. അമൽ, ഷാഹുൽ ഹമീദ് പ്രസംഗിച്ചു.